2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

മറക്കാൻ പറ്റാത്ത ഒരു ഓർമ്മ

മറക്കാൻ ശ്രമിക്കും തോറും കൂടുതൽ മിഴിവോടെ മനസ്സിലേക്ക് വരുകയാണ് പലതും.ദിവസേന പത്രങ്ങളിൽ കൊലപാതകങ്ങളെ പറ്റി വാർത്തകൾ വരാറുണ്ട്.എങ്കിലും വീടിനടുത്ത് അങ്ങനെയൊരു സംഭവം നടന്നപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി.സംഭവം നടന്നിട്ട് ദിവസങ്ങൾ ആയെങ്കിലും ഇപ്പോഴും അത് മറക്കാൻ കഴിയുന്നില്ല.

സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് തൂങ്ങി മരിച്ചു എന്ന വാർത്ത നിങ്ങളിൽ പലരും കണ്ടിരിക്കാം.തമിഴ് നാട്ടിലെ ഒരു ജമീന്ദാരുടെ മകളായ ലക്ഷ്മി ആണു ഭർത്താവ് സുരേഷിന്റെ കൈകളാൽ കൊലക്കത്തിക്കിരയായത്. ലക്ഷ്മിയെ കൊന്നതിനു ശേഷം സുരേഷ് തൂങ്ങി മരിച്ചു.മധുരയിലെ ലക്ഷ്മിയുടെ വീട്ടിൽ ജോലിക്കാരനായി ചെന്ന സുരേഷ് പിന്നീട് ലക്ഷ്മിയുമായി സ്നേഹത്തിലാകുകയും ഒടുക്കം ആ ബന്ധം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.മകൾ ഒളിച്ചോടിയതോടെ ലക്ഷ്മിയെ ലക്ഷ്മിയുടെ വീട്ടുകാർ പടിയടച്ചു പിണ്ഡം വെച്ചു.മധുവിധുവിന്റെ മാധുര്യം കഴിഞ്ഞപ്പോൾ ക്രൂരമായ പീഡനങ്ങളാണു സുരേഷിൽ നിന്നും ലക്ഷ്മിക്ക് അനുഭവിക്കേണ്ടി വന്നത്.സുരേഷിനു ലക്ഷ്മിയെ സംശയമായിരുന്നു. എന്നെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ടു ചെന്നാക്കൂ എന്ന് നാട്ടുകാരോട് പലവട്ടം ലക്ഷ്മി കരഞ്ഞു പറഞ്ഞു എങ്കിലും ഒരു കുടുംബം പിരിയുന്നതോർത്തപ്പോൾ എങ്ങനെയെയും സഹിച്ചു ജീവിക്കാൻ ലക്ഷ്മിയെ ഉപദേശിച്ച നാട്ടുകാർക്കിപ്പോൾ സങ്കടം സഹിക്കാനാവുന്നില്ല.

പോസ്റ്റ് മോർട്ടത്തിനു ശേഷം സുരേഷിന്റെയും ലക്ഷ്മിയുടെയും ജഡങ്ങൾ അവരവരുടെ വീട്ടുകാർ വന്നു കൊണ്ടു പോയി.ഈ കുഞ്ഞിനെ കൊണ്ടു പോകാൻ രണ്ടു വീട്ടുകാരും തയ്യാറായില്ല. ഒന്നര വയസ്സുള്ള മോളെ ഇപ്പോൾ അനാഥാലയത്തിൽ ആക്കിയിരിക്കുന്നു. ഇനി ജീവിതകാലം മുഴുവൻ അനാഥയായി ആ കുഞ്ഞ് ജീവിക്കേണ്ടി വരില്ലേ. ഇവിടെ ആരാണു തെറ്റു ചെയ്തത് .വെറും പതിനേഴു വയസ്സുള്ളപ്പോഴാണു ലക്ഷ്മി സുരേഷിനൊപ്പം ഇറങ്ങി പോന്നത്.21 വയസ്സായപ്പോളെക്കും ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടു.

എത്രയെത്ര കഥകൾ കേട്ടിട്ടും നമ്മുടെ പെൺ കുട്ടികൾ പഠിക്കുന്നില്ലല്ലോ.പ്രേമത്തിനു കണ്ണും കാതും ഒന്നും ഇല്ല എന്ന് പറയുന്നത് സത്യമായിരിക്കും.പഞ്ചാരവാക്കുകളിൽ വിശ്വസിച്ച് ഒരു പുരുഷന്റെ ഒപ്പം ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ കാത്തിരിക്കുന്നത് ഏതു തരം ജീവിതമാണെന്ന് ആർക്കും മുൻപേ മനസ്സിലാക്കാൻ കഴിയില്ല.ലക്ഷ്മിയുടെയും അനുഭവം അതാണു പറയുന്നത്.ഏതു പെൺ കുട്ടിയും വിവാഹത്തിനു മുൻപ് തൻ കാലിൽ നിൽക്കാൻ പഠിക്കണം.എന്തെങ്കിലും ജോലി കണ്ടു പിടിച്ച് തനിക്കും കുഞ്ഞിനും ജീവിക്കാനുള്ള വഴി കണ്ടെത്താൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നുവെങ്കിൽ , സുരേഷിന്റെ അടുത്തു നിന്നും മാറിത്താമസിച്ചിരുന്നുവെങ്കിൽ ,ഇങ്ങനെ ഒരു കൊലപാതകം നടക്കുകയും ഒപ്പം ആ കുഞ്ഞ് അനാഥയാവുകയും ചെയ്യുമായിരുന്നില്ല.

സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ലക്ഷ്മിയുടെ വീട്ടുകാർ പോലും ആ കുഞ്ഞിനെ കൊണ്ടു പോകാൻ തയ്യാറായില്ല.കുഞ്ഞിനെ കളഞ്ഞിട്ടു വന്നാൽ ലക്ഷ്മിയെ സ്വീകരിച്ചോളാം എന്ന് വീട്ടുകാർ ഒരിക്കൽ പറഞ്ഞതായി ലക്ഷ്മി പറഞ്ഞിട്ടുണ്ട്.സ്വന്തം കുഞ്ഞിനെ കളയാൻ ഏതൊരമ്മയ്ക്ക് സാധിക്കും ?ലക്ഷ്മിയുടെ വീട്ടുകാർക്ക് അഭിമാനമാണു വലുത്.മരണപ്പെട്ടത് അവരുടെ ഏക മകളായിരുന്നു .എന്നിട്ടും ആ മകളുടെ ഓർമ്മക്കായി ഈ ഭൂമിയിൽ അവശേഷിക്കുന്ന ഒരേ ഒരു കണ്ണിയല്ലേ ആ കുഞ്ഞ് ? അതിനെക്കൂടി അവർക്കു കൊണ്ടു പോകാമായിരുന്നില്ലേ ? മനുഷ്യജീവനു വില കല്‍പ്പിക്കാത്ത അഭിമാനത്തെ ദൈവം കാണില്ല എന്നത് അവർക്കെന്ന് മനസ്സിലാകും ??

2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്

ഇവർ വിവാഹിതരായാൽ എന്ന പടത്തിലെ നല്ലൊരു പാട്ട് .സൈനോജ് പാടിയ ഈ പാട്ട് കേട്ടു നോക്കൂ


ഏഹേഹേ ഏഹെഹേ ഹേ
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്
കുളിരാമ്പലത്തളിർ കൂമ്പി നിൽക്കണ കണ്ണ്
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്
ചിരി കണ്ടാൽ ചൊക ചോപ്പുള്ളൊരു ചുന്ദരിപ്പെണ്ണ്
എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

പവിഴമല്ലി മുല്ലയോ പാൽനിലാവിനല്ലിയോ
മിഴികളാൽ മെനഞ്ഞെടുത്ത മഞ്ഞു മൈനയോ
മഴ നനഞ്ഞ വർണ്ണമോ മാറ്ററിഞ്ഞ സ്വർണ്ണമോ
മകരമഞ്ഞിലൂഞ്ഞലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുറുമ്പിന്റെ ചിറകടിയുടെ ചിരിക്കാലം
എനിക്കു മാത്രമുണ്ടൊരു പെണ്ണ്


അകിൽ പുകഞ്ഞ സന്ധ്യയോ അഴകിൽ മേഞ്ഞ രാത്രിയോ
മറയുവാൻ മറന്നു പോയ പാർവണേന്ദുവോ
വെറുതേയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ
ഇതൾ വിതിർന്ന പാരിജാത രാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കണ വെയിൽ നാളം
എനിക്കു മാത്രമുണ്ടൊരു പെണ്ണ് (എനിക്ക്...)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
പറയാനായിട്ട് ഒന്നുമില്ല.കുറേ ബ്ലോഗ്ഗുകൾ വായിച്ചപ്പോൾ സ്വന്തമായി ഒന്നു തുടങ്ങിയാൽ എന്താണു എന്നു തോന്നി.ആശ തീർക്കാൻ വേണ്ടി ഒരെണ്ണം തുടങ്ങി അത്ര മാത്രം .

ബ്ലോഗ് ആര്‍ക്കൈവ്